07:49pm 24 June 2026
NEWS
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിശ്വ ഹിന്ദു പരിഷത് നേതാവ് ചമ്പത് റായിക്കെതിരെ കേസെടുക്കും
24/06/2026  05:46 PM IST
nila
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിശ്വ ഹിന്ദു പരിഷത് നേതാവ് ചമ്പത് റായിക്കെതിരെ കേസെടുക്കും

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഏജൻസികൾ നീങ്ങുന്നതായി റിപ്പോർട്ട്. ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. കൂടുതൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സംഭാവനകളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ക്ഷേത്രത്തിന്റെ ഭരണപരമായ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും അയോധ്യയിലെത്തി. സംഭാവനകൾ നൽകിയ വ്യവസായികളുടെയും മറ്റ് പരാതിക്കാരുടെയും മൊഴികൾ സംഘം രേഖപ്പെടുത്തും. പ്രാണപ്രതിഷ്ഠാ ചടങ്ങിനായി സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷണത്തിലെ പ്രധാന വിഷയം.

ഇന്ത്യൻ ബുള്യൻ ആൻറ് ജുവലേഴ്സ് അസോസിയേഷനാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ 60 കിലോ വെള്ളിക്കട്ടി നൽകിയത്. രാജ്യമെമ്പാടുമുളള വ്യാപാരികളിൽ നിന്ന് വഴിപാടായി വെള്ളി വാങ്ങി അവരുടെ പേര് ആലേഖനം ചെയ്താണ് സമർപ്പിച്ചത്. വെള്ളിക്കട്ടി പോയിട്ട് പൊടി പോലുമില്ലാത്തിടത്ത് ക്ഷേത്രട്രസ്റ്റിനെതിരെ പരാതി നൽകുമെന്ന് അസോസിയേഷൻ അധ്യക്ഷൻ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനിൽ വിശ്വകർമ്മയും സമർപ്പിച്ചിരുന്നു.

രസീതും വഴിപാട് ചാർത്തി നിൽക്കുന്ന വിഗ്രഹത്തിൻറെ ഫോട്ടോയും അയച്ച് നൽകാമെന്ന് വിശ്വകർമ്മയോട് പറഞ്ഞതും കളവായിരുന്നു. രണ്ട് കോടി രൂപയുടെ വെള്ളി നൽകിയിരുന്നെന്നും രസീത് പോലും നൽകിയില്ലെന്നും കാസിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. രാജു മാൻവാനിയും പരാതിപ്പെട്ടിരുന്നു. ഇവരുടേതടക്കം രഹസ്യമായി വിവരം നൽകിയവരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയോട് അടുപ്പമുള്ള ക്ഷേത്ര ജീവനക്കാരുടെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കണ്ടുത്തതായി പ്രത്യേക സംഘത്തിൻറെ പ്രാഥമിക റിപ്പോർട്ടിൽ സൂചനയുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img